കൊട്ടിയൂർ ക്ഷേത്രം:
പ്രകൃതിയും ഐതിഹ്യവും സമ്മേളിക്കുന്ന ദേവസ്ഥാനം
ഇക്കോ ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ ഉചിതമായ ഇടങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. വിശേഷിച്ചും കാവുകൾ. കേരളീയ നാട്ടിൻ പുറങ്ങളിലെ പ്രാദേശിക കാവുകൾ മുതൽ പ്രശസ്ത ക്ഷേത്രങ്ങൾ വരെ കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ചകൾ ആവോളം കരുതി വച്ചിട്ടുണ്ട്. കാവുകൾ ആൽ മരങ്ങളുടെയും മറ്റ് വിവിധയിനം മരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും ഇലച്ചാർത്തുകളുടെയും വന്യസൗന്ദര്യം ആവഹിക്കുന്നു. വലിയ ക്ഷേത്രങ്ങളിൽ അവിടത്തെ കൊത്തുപണികളും കരിങ്കൽ തൂണുകളും മറ്റും നൽകുന്ന ആനന്ദം അനിർവചീയമാണ്
കേരളത്തിലെ ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ സവിശേഷത കൊണ്ടും നിർമ്മിതിയിലെ വ്യത്യസ്ത കൊണ്ടും വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും വൈശാഖ മഹോത്സവം നടക്കുന്ന കാലത്ത് താത്ക്കാലികമായി ഓല മേഞ്ഞ് ഉണ്ടാക്കുന്നവയാണ്. കണ്ണൂർ വയനാട് അതിർത്തിയിൽ വനത്തിൻ്റെ പശ്ചാത്തലത്തിൽ ബാവലി പുഴയുടെ കരയിലാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാടിൻ്റെയും പുഴയുടെയും സാമീപ്യവും ഓലമേഞ്ഞ ക്ഷേത്രസമുച്ചയത്തിൻ്റെ തണുപ്പും നൽകുന്ന അനുഭൂതി അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ബാവലി പുഴയുടെ ഇക്കരെ ആണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. തൃചെറുമന്ന ക്ഷേത്രം എന്ന് കൂടി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് പേരുണ്ട്. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
മെയ് അവസാനവും ജൂൺ മാസത്തിലും ആയിനടക്കുന്ന വൈശാഖ മഹോത്സവം ആണ് കൊട്ടിയൂർ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ഉത്സവം. മലയാള മാസമായ ഇടവത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെ 27 ദിവസങ്ങൾ ആണ് ഉത്സവം നടക്കുക. നെയ്യഭിഷേകത്തോടെ ആരംഭിച്ച് കലശാട്ടത്തോടെയാണ് ഉത്സവം സമാപിക്കുന്നത്. ഇളനീരാട്ടം മറ്റൊരു പ്രധാന ചടങ്ങാണ്. വയനാട്ടിലെ മുതിരേരിക്കാവിൽ നിന്ന് ഉള്ള വാൾ എഴുന്നള്ളിക്കുന്ന ചടങ്ങും ഉണ്ട്. വീരഭദ്രൻ ദക്ഷനെ വധിക്കുന്നതിന് ഉപയോഗിച്ച വാൾ ആണ് അത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
വൈശാഖ മഹോത്സവക്കാലത്ത് മാത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉള്ളത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രം സാധാരണ അമ്പലങ്ങളെപ്പോലെ നാലമ്പലവും ശ്രീകോവിലും എല്ലാം ഉൾപ്പെടുന്നത് ആണ്. അക്കരെ കൊട്ടിയൂരിൽ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. വൈശാഖ മഹോത്സവത്തിൻ്റെ കാലത്ത് ഓലകൊണ്ട് താൽക്കാലിക ക്ഷേത്രങ്ങൾ നിർമ്മിക്കുകയാണ് പതിവ്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് ചില നിബന്ധനകൾ ഉണ്ട്. ഭണ്ഡാരം എഴുന്നള്ളത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്നു മുൻപും മകം നക്ഷ്ട്രത്തിന് ഉച്ചശീവേലിക്കു ശേഷവും സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. 2025 ൽ ജൂൺ 9 ന് രാത്രിയാണ് ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുക. അതിന് മുമ്പും ജൂൺ 30 ന് ശേഷവും അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടാവുകയില്ല.
കൊട്ടിയൂർ ക്ഷേത്രത്തിലെ 2025 ലെ ചടങ്ങുകൾ താഴെ കൊടുക്കുന്നു.
2023 ൽ സ്ത്രീകൾക്ക് പ്രവേശനം തുടങ്ങിയിട്ടില്ലാത്ത ഒരു ദിവസമാണ് ഞാനും ഭാര്യയും ഒരിക്കൽ കൊട്ടിയൂർ ക്ഷേത്രത്തിൽ പോയിരുന്നത്. സ്ത്രീകൾക്ക് പ്രവേശനം ഉള്ള സമയമാണ് എന്ന് കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ ആണ് ഞങ്ങൾ പോയിരുന്നത്. ഭാര്യക്ക് പ്രവേശനം ഇല്ലാത്തത് കൊണ്ട് അക്കരെ കൊട്ടിയൂരേക്ക് ഞാൻ തനിച്ച് നടന്നു. ഭാര്യ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ വിശാലമായ ഹാളിൽ ഇരുന്നു.
കൊട്ടിയൂർ ക്ഷേത്രം നിൽക്കുന്ന പ്രദേശത്തെ അങ്ങാടിയിൽ അപ്പോഴും അത്യാവശ്യം തിരക്ക് ഉണ്ട്. വരാനിരിക്കുന്ന വൈശാഖ മഹോൽസവത്തെ വരവേൽക്കാൻ തയ്യാറാവുകയാണ് ആ പ്രദേശം ഒട്ടാകെ. മിക്ക കടകളിലും ഓടപ്പൂക്കൾ (ഓട മുള യുടെ അഗ്രം ചതച്ച് ഉണ്ടാക്കുന്നതാണ് ഓടപ്പൂക്കൾ )വില്പനയ്ക്ക് വച്ചിട്ടുണ്ട്. ദക്ഷനെ വധിക്കുന്നത്തിന് മുമ്പ് വീരഭദ്രൻ അദ്ദേഹത്തിൻ്റെ താടി പിടിച്ചു പറിക്കുകയാണ് ചെയ്തത്. ദക്ഷൻ്റെ താടിയുടെ പ്രതീകം ആണ് ഓടപ്പൂക്കൾ എന്ന് പറയപ്പെടുന്നു. ദക്ഷയാഗത്തിന് മുഖ്യ കാർമ്മികത്വം വഹിച്ച ഭൃഗു മുനിയുടെ നരച്ച താടിയുടെ പ്രതീകമാണ് ഇതെന്നും വിശ്വാസം ഉണ്ട്.
ഒരു പുഴയ്ക്ക് അക്കരെയാണ് അക്കരെ കൊട്ടിയൂർ. ചെറിയ പാലം കടന്ന് അവിടേക്ക് നടന്നു. പുഴയിൽ വെള്ളം വളരെ കുറവാണ് മണൽത്തിട്ടയിൽ മലമുകളിൽ നിന്നും ഒഴുകിയെത്തിയ ഉരുളൻ കല്ലുകൾ നിരവധി ഉണ്ട്. ഈ കല്ലുകൾ തമ്മിൽ ഉരസിയാൽ കിട്ടുന്ന ലേപനം ചന്ദനക്കുറി പോലെചിലർ തൊടാറുണ്ട്. ഈ പുഴയിലെ കല്ലുകൾ ഉരച്ചാൽ ചോര പൊടിയും എന്നാണ് വിശ്വാസം. കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവ ചൈതന്യം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് സംബന്ധിച്ച ഒരു കഥയുണ്ട്. സമീപവാസിയായ ഒരു സ്ത്രീ ഒരിക്കൽ പശുക്കൾക്ക് പുല്ലരിയുന്നതിന് ഇപ്പൊൾ അക്കരെ കൊട്ടിയൂർ ആയി അറിയപ്പെടുന്ന സ്ഥലത്ത് എത്തി. അരിവാൾ മൂർച്ച കൂട്ടുന്നതിനായി ഒരു കല്ലിൽ ഉരച്ചപ്പോൾ ആ കല്ലിൽ നിന്നും രക്തം വന്നു. (കുറിച്യ വിഭാഗത്തിൽ പെട്ട യുവാവ് അമ്പിന് മൂർച്ച കൂട്ടുമ്പോഴാണ് ചോര വന്നത് എന്നും പറയപ്പെടുന്നുണ്ട്). ഇവിടെ ശിവചൈതന്യം ഉണ്ട് എന്ന് വെളിപ്പെട്ടത് അപ്രകാരമാണ്.
പരമശിവൻ്റെ ഭാര്യയായ സതീദേവിയുടെ അച്ഛൻ ദക്ഷൻ ഒരു ഗംഭീര യാഗം നടത്തുവാൻ തീരുമാനിച്ചു. പതിനാല് ലോകങ്ങളിലും ക്ഷണിച്ചെങ്കിലും ശിവനെയോ സതീദേവിയെയോ വിളിച്ചില്ല. അച്ഛൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കുവാൻ സതീദേവിക്ക് അതിയായ മോഹം ഉണ്ടായിരുന്നു. ശിവൻ്റെ അനുവാദത്തോടെ സതീദേവി യാഗത്തിന് പുറപ്പെട്ടു. എന്നാൽ ദക്ഷൻ അവളെ അപമാനിച്ചു. ദു:ഖവും അപമാനവും സഹിക്കാനാവാതെ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ് രോഷാകുലനായ പരമശിവൻ തൻ്റെ ജഡ നിലത്തടിച്ച് വീരഭദ്രൻ എന്ന മൂർത്തിയെ സൃഷ്ടിച്ചു. വീരഭദ്രൻ ദക്ഷൻ്റെ തലയറുത്തു. (കൂടുതൽ അറിയുന്നതിന് ഈ വീഡിയോ സഹായിക്കും) പരമശിവൻ്റെ കോപം തണുപ്പിക്കുവാൻ ദേവന്മാരും ഋഷിമാരും ഇടപെട്ടു. ദക്ഷൻ്റെ തല പൊട്ടിച്ചിതറിപ്പോയിരുന്നതിനാൽ, ആടിൻ്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനരുജ്ജീവിപ്പിക്കുകയും യാഗം പൂർത്തിയാക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം
ഞാൻ ഇപ്പൊൾ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. മഴ തീവ്രമായി പെയ്തിട്ടില്ലെങ്കിലും, ഈ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് ഇപ്പോഴും മുട്ടോളം വെള്ളം ഉണ്ട്. അത് കടന്ന് വരുമ്പോൾ, ഓല കൊണ്ട് നിർമ്മിച്ച നിരവധി ശ്രീഗോപുരങ്ങൾ. ദേവസ്വം ബോർഡിൻ്റെ ഓഫീസും പോലിസ്, ഫയർ ഫോഴ്സ് ഓഫീസുകളും എല്ലാം ഓല കൊണ്ട് നിർമ്മിച്ചവയാണ്. കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ ഈ അന്തരീക്ഷം കേരളത്തിൽ മറ്റ് ക്ഷേത്രങ്ങളിൽ എവിടെയും ഇല്ല.